നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Friday, May 18, 2012

ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിനു ഒരു വയസ്സ്

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വെള്ളിയാഴ്ച ഒരു വര്‍ഷം പൂത്തിയാക്കുന്നു. എന്നാല്‍ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം ബാധകമായതിനാല്‍ ആഘോഷം വോട്ടെടുപ്പിനുശേഷമേയുണ്ടാകൂ. ജൂണ്‍ നാലിനാണ് ആഘോഷം തുടങ്ങുക. 10 ന് സമാപിക്കും.ജനക്ഷേമകരമായ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് വാര്‍ഷികാഘോഷത്തിന് തുടക്കമിടാനാണ് സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സേവനാവകാശ നിയമം തുടങ്ങിയവ ഇവയില്‍ ഉള്‍പ്പെടുന്നു. സാം പിട്രോഡ സംസ്ഥാനത്തിന്റെ വികസനത്തിനായി തയ്യാറാക്കിയ 10 ഇന പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പമുണ്ടാകും.

സംസ്ഥാനതലത്തിലുള്ള പരിപാടിക്കുപുറമെ ജില്ലാ തലങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പ്രചാരണ പരിപാടികളുമുണ്ടാകും. പൂര്‍ത്തിയായ പദ്ധതികളുടെ ഉദ്ഘാടനം ജില്ലകളില്‍ മന്ത്രിമാര്‍ നടത്തിയാണ് വാര്‍ഷികം ആഘോഷിക്കുക.ഇതേ സമയം പ്രതിപക്ഷം വാര്‍ഷികദിനം വഞ്ചാനാദിനമായാണ് ആചരിക്കുക. ബി.ജെ.പി. നെയ്യാറ്റിന്‍കരയില്‍ ഒ. രാജഗോപാലിന്റെ ഉപവാസം സംഘടിപ്പിച്ചിട്ടുണ്ട്.

നേരിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ ആയുസിനെക്കുറിച്ച് സത്യപ്രതിജ്ഞ ചെയ്ത അന്നുമുതല്‍ തന്നെ ആശങ്കയുണ്ടായിരുന്നെങ്കിലും ചില സന്ദര്‍ഭങ്ങളിലൊഴികെ സര്‍ക്കാര്‍ സ്ഥിരതയോടെ മുന്നേറുന്ന അനുഭവമാണ് ഉണ്ടായത്. പാമോയില്‍ കേസിലെ വിധിയും ജഡ്ജിക്കെതിരെ നടത്തിയ നീക്കങ്ങളും സര്‍ക്കാരിനെതിരെ പ്രതിപക്ഷ ആയുധമായി. എന്നാല്‍ പിറവം ഉപതിരഞ്ഞെടുപ്പിലെ വന്‍ വിജയവും പ്രതിപക്ഷത്തുനിന്നുള്ള ആര്‍. സെല്‍വരാജിന്റെ രാജിയും രാഷ്ട്രീയമായി സര്‍ക്കാരിന് ആത്മവിശ്വാസം നല്‍കി.
ജനസമ്പര്‍ക്ക പരിപാടിയിലൂടെ മുഖ്യമന്ത്രി ജില്ലകള്‍ തോറും ഓടിയെത്തി സര്‍ക്കാര്‍ സംവിധാനത്തെ ചലനാത്മകമാക്കി. സ്മാര്‍ട്ട്‌സിറ്റി, കൊച്ചിമെട്രോ, അധ്യാപക പാക്കേജ് തുടങ്ങി വിവിധ പദ്ധതികള്‍ സര്‍ക്കാരിന് മേന്മയായപ്പോള്‍ അഞ്ചാം മന്ത്രി പ്രശ്‌നവും വകുപ്പ് മാറ്റവും കേരള കോണ്‍ഗ്രസി (ബി) ലെ പ്രശ്‌നവും സര്‍ക്കാരിന് പോരായ്മയായി മാറി

No comments:

Post a Comment