നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Friday, May 18, 2012

പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായേക്കും.

ന്യൂഡല്‍ഹി :പുറത്താക്കിയ പൈലറ്റുമാരെ തിരിച്ചെടുക്കാന്‍ എയര്‍ ഇന്ത്യ തയ്യാറായേക്കും. എന്നാല്‍, സമരത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ പൈലറ്റ് ഗില്‍ഡിന്റെ നേതാക്കളെ തിരിച്ചെടുത്തേക്കില്ല. പൈലറ്റ് സമരം 11-ാം ദിവസത്തിലേക്കു കടന്ന സാഹചര്യത്തിലാണ് സമരക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ അധികൃതരുടെ പുതിയ നീക്കം.

ഇതിനിടെ അസുഖത്തിന്റെ പേരില്‍ അവധിയെടുത്തിട്ടുള്ള പൈലറ്റുമാരെ പരിശോധിച്ച് അസുഖമാണോയെന്ന് ഉറപ്പാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിക്കാന്‍ വ്യോമസേനയ്ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അസുഖമെന്ന പേരില്‍ അവധിയെടുത്ത എല്ലാ പൈലറ്റുമാരെയും ഡോക്ടര്‍മാര്‍ വീടുകളിലെത്തി പരിശോധിക്കും. ഇപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് ലൈസന്‍സ് തിരിച്ചുപിടിക്കാതിരിക്കാന്‍ പൈലറ്റുമാര്‍ മെഡിക്കല്‍ ബോര്‍ഡിനു മുമ്പാകെ വിദഗ്ധ പരിശോധനയ്ക്കു വിധേയമാകേണ്ടതുണ്ട്. 14 ദിവസത്തിനപ്പുറം അസുഖത്തിന്റെ പേരില്‍ അവധിയെടുക്കാനാവില്ല. ഈ കാലാവധി തിങ്കളാഴ്ച അവസാനിക്കും.

വൈദ്യപരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു തെളിഞ്ഞാല്‍ ആ പൈലറ്റ് ഡ്യൂട്ടിയില്‍ പ്രവേശിക്കണം. പൈലറ്റുമാര്‍ സമരം നിര്‍ത്തി ഡ്യൂട്ടിയില്‍ തിരിച്ചുകയറുമെന്നാണ് പ്രതീക്ഷയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു. സമരം നിര്‍ത്തിയാല്‍ ഉപാധികളില്ലാത്ത ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് രണ്ടു ദിവസം മുമ്പ് വ്യോമയാനമന്ത്രി അജിത് സിങ്‌വ്യക്തമാക്കിയിരുന്നു. 71 പൈലറ്റുമാരെ പുറത്താക്കിയ നടപടി പുനഃപരിശോധിച്ചാല്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സംഘടനയും അഭിപ്രായപ്പെട്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.

ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിലെ സമരത്തെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ നഷ്ടം 190 കോടി രൂപയായെന്ന് കണക്കുകള്‍ പുറത്തു വന്നു. ശമ്പള സ്‌കെയില്‍ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്തയാഴ്ച കേന്ദ്രസര്‍ക്കാര്‍ വിവിധ തൊഴിലാളി യൂണിയനുകളുടെ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ സമരവുമായി ബന്ധമുള്ളതല്ല യോഗമെന്നാണ് ഔദ്യോഗികവിശദീകരണം.

No comments:

Post a Comment