നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Sunday, May 20, 2012

മുഖ്യസൂത്രധാരന്‍ ടി.കെ. രജീഷെന്ന് സൂചന

കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ടി.കെ. എന്നറിയപ്പെടുന്ന തലശ്ശേരി പാട്യംസ്വദേശി ടി.കെ.രജീഷാണെന്ന് സൂചന. ഇതേ ടി.കെ.യെ പതിമ്മൂന്ന് വര്‍ഷംമുമ്പ് തലശ്ശേരിയില്‍ നടന്ന ജയകൃഷ്ണന്‍വധവുമായി ബന്ധപ്പെട്ട് പോലീസ് കുറേ അന്വേഷിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ കുറേവര്‍ഷങ്ങളായി മുംബൈയില്‍ താമസമാക്കിയ രജീഷ് ഇതുവരെ പിടിയിലായിട്ടില്ലായിരുന്നു.

കൊടിസുനി, മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ് തുടങ്ങി സി.പി.എമ്മിനുവേണ്ടി സംഘട്ടനങ്ങള്‍ നടത്താറുള്ളവരെ ഉപയോഗിച്ച് ആരുടെയോ നിര്‍ദേശം അനുസരിച്ച് ടി.കെ. രജീഷ് കൊലനടത്തുന്നതിന് നേതൃത്വംനല്‍കിയെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഈ സംശയങ്ങള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ചിലതെളിവുകള്‍ അന്വേഷണസംഘത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

മെയ് 4ന് ടി.പിയെ വധിക്കാന്‍ എത്തിയ സംഘം സഞ്ചരിച്ച കാറില്‍ രജീഷ് ഉണ്ടായിരുന്നെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. ആറാംപ്രതി ദിപിനെ ചോദ്യംചെയ്തതില്‍ നിന്നാണ് ഇത് വ്യക്തമായത്. എന്നാല്‍, രജീഷിന്റെ മുംബൈ ബന്ധവും പാര്‍ട്ടി നേതൃത്വവുമായുള്ള പഴക്കംചെന്ന ബന്ധവും അടുത്ത ദിവസമാണ് വ്യക്തമായത്.

ടി.പി.യെ വധിച്ചതിന്റെ അടുത്ത ദിവസം കൂത്തുപറമ്പിലെ ഒരു നക്ഷത്രഹോട്ടലിലാണ് രജീഷ് അന്തിയുറങ്ങിയത്. മുറിയില്‍ രജീഷിനൊപ്പം പാട്യം സ്വദേശിയായ ഷനോജും ഉണ്ടായിരുന്നു. കഴിഞ്ഞദിവസം അറസ്റ്റിലായ ഷനോജ് ചോദ്യംചെയ്യലില്‍ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഷനോജിന്റെ പേരിലായിരുന്നു ഇവിടെ മുറിയെടുത്തത്. മറ്റ് പ്രതികള്‍ സി.പി.എമ്മിന്റെ കൂത്തുപറമ്പ് ഏരിയാകമ്മിറ്റി ഓഫീസില്‍ രാത്രി ചെലവിട്ടപ്പോള്‍ രജീഷ്മാത്രം നക്ഷത്രഹോട്ടലില്‍ ഉറങ്ങി. ഇതിന് തെളിവായി ഈ ഹോട്ടലിന്റെ രജിസ്റ്റര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച രാവിലെ ഹോട്ടലില്‍നിന്ന് കണ്ടെടുത്തു.

രജീഷിനെ രക്ഷപ്പെടാന്‍ സഹായിക്കുന്നതിന് ഷനോജ് സുഹൃത്തില്‍നിന്ന് വാങ്ങിയ നാനോ കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ചന്ദ്രശേഖരന്‍വധം നടക്കുന്നതിന് ഏതാണ്ട് രണ്ടുമാസംമുമ്പ് മാത്രമാണ് രജീഷ് മുംബൈയില്‍നിന്ന് എത്തിയതെന്നും സംശയമുണ്ട്. തലശ്ശേരിയിലെ ജയകൃഷ്ണന്‍വധത്തിനുശേഷം കണ്ണൂരില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടായപ്പോഴാണ് മുംബൈയിലേക്ക് കടന്നതെന്നാണ് സംശയം. എന്നാല്‍, പാര്‍ട്ടിക്കുവേണ്ടി വല്ലപ്പോഴും നാട്ടിലെത്തി ചില ആസൂത്രണങ്ങള്‍ നടത്താറുണ്ടെന്നും സൂചനയുണ്ട്. ടി.പി. വധവും അത്തരത്തിലൊരു ആസൂത്രണത്തിന്റെ ഭാഗമാണെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം.

ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നല്‍കിയിട്ടുള്ള ലുക്ക് ഔട്ട് സര്‍ക്കുലറില്‍ രജീഷിന്റെ പേരും ഫോട്ടോയുമുണ്ട്.

No comments:

Post a Comment