നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Thursday, May 17, 2012

പെട്രൂലിനു 5രൂപയും ഡീസലിന് 3 രൂപയും കുട്ടും

ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് സമ്മേളനത്തിനുശേഷം ഇന്ധനവില കൂട്ടുന്നതിന് സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം വന്‍തോതില്‍ ഇടിഞ്ഞതും അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃതഎണ്ണയുടെ വില കൂടിയതും കണക്കിലെടുത്ത് ഇന്ധനവില കൂട്ടണമെന്ന് എണ്ണക്കമ്പനികള്‍ ഏതാനും മാസമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. 22നാണ് പാര്‍ലമെന്‍റ് സമ്മേളനം തീരുക.

സാമ്പത്തികരംഗത്ത് തിരുത്തല്‍ നടപടികളെടുത്തില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ധനബില്ലിന്‍മേലുള്ള മറുപടിയില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. വേണ്ടിവന്നാല്‍ കടുത്ത നടപടികളെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പെട്രോളിന് അഞ്ചുരൂപയും ഡീസലിന് മൂന്നുരൂപയും പാചകവാതകത്തിന് 50 രൂപയും കൂട്ടാനാണ് സാധ്യത. പെട്രോള്‍വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ അനുമതിയില്ലാതെ വില കൂട്ടാറില്ല.

പെട്രോളിന് പത്തുരൂപവരെ കൂട്ടണമെന്നാണ് എണ്ണക്കമ്പനികള്‍ ആവശ്യപ്പെടുന്നത്. നേരത്തേ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു കാരണം ഇന്ധന വില കൂട്ടുന്നതിന് അനുമതി നല്‍കിയിരുന്നില്ല. പാര്‍ലമെന്‍റ് സമ്മേളനം കഴിഞ്ഞാലും ജൂണ്‍ രണ്ടിന് കേരളത്തിലെ നെയ്യാറ്റിന്‍കരയിലും ആന്ധ്രയിലും 18 മണ്ഡലങ്ങളിലുമടക്കം നടക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമായിരിക്കും വില കൂട്ടാന്‍ അനുമതി നല്‍കുകയെന്ന് സൂചനയുണ്ട്.

വില കൂട്ടാന്‍ അനുവദിച്ചില്ലെങ്കില്‍ പെട്രോള്‍വില്‍പ്പനയില്‍ ദിനംപ്രതിയുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം വേണമെന്ന് എണ്ണക്കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. വില കൂട്ടിയില്ലെങ്കില്‍ പെട്രോള്‍വിതരണം തടസ്സപ്പെടുമെന്നും എണ്ണക്കമ്പനികള്‍ മുന്നറിയിപ്പു നല്‍കി.

അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃതഎണ്ണയുടെ വില ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ദിനംപ്രതി 45 കോടി രൂപ നഷ്ടം സഹിച്ചാണ് പെട്രോള്‍ വില്‍ക്കുന്നത്. എണ്ണ ഇറക്കുമതി ചെയ്യുന്നതു കാരണം ഉല്‍പ്പാദന ച്ചെലവും ഉയര്‍ന്നിട്ടുണ്ട്. 93 ശതമാനമാണ് ഇറക്കുമതിക്കായി ഉല്‍പ്പാദനച്ചെലവില്‍ നീക്കിവെക്കുന്നത്. എണ്ണവില്‍പ്പനയില്‍നിന്ന് വരുമാനമില്ലെങ്കില്‍ അസംസ്‌കൃതഎണ്ണ വാങ്ങാന്‍ പറ്റില്ല. അത് തടസ്സപ്പെട്ടാല്‍ എണ്ണവിതരണവും തടസ്സപ്പെടുമെന്ന് എണ്ണക്കമ്പനികള്‍ മുന്നറിയിപ്പു നല്‍കുന്നു.

ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നതില്‍ 7.67 രൂപയാണ് എണ്ണക്കമ്പനികള്‍ക്കുള്ള നഷ്ടം. വില്‍പ്പനനികുതികൂടി ചേര്‍ക്കുമ്പോള്‍ ഡല്‍ഹിയിലെ വില 9.20 രൂപയായി ഉയരും. കേന്ദ്രസര്‍ക്കാറിന് എകൈ്‌സസ് തീരുവയിനത്തില്‍ 14.78 രൂപ ലഭിക്കുമ്പോള്‍, പത്തുമുതല്‍ 20 രൂപവരെ സംസ്ഥാനസര്‍ക്കാറുകള്‍ക്കും ഒരു ലിറ്റര്‍ പെട്രോളിന്‍മേല്‍ ലഭിക്കുന്നുണ്ട്. എന്നാല്‍, എണ്ണക്കമ്പനികള്‍ക്കു മാത്രം ഒരു പൈസപോലും ലഭിക്കാറില്ല.

വില നിശ്ചയിക്കാനുള്ള അധികാരം ലഭിച്ച ശേഷം ഇതുവരെയായി ആറുതവണ വില കൂട്ടിയിട്ടുണ്ട്. 2011 ഡിസംബറിലാണ് ഒടുവില്‍ വില കൂട്ടിയത്. ആഴ്ചയിലൊരിക്കലാണ് എണ്ണക്കമ്പനികള്‍ വില പുനഃപ്പരിശോധിക്കുന്നത്. നിലവില്‍ 134 ഡോളറിനു മേലാണ് അന്താരാഷ്ട്രകമ്പോളത്തില്‍ അസംസ്‌കൃതഎണ്ണയുടെ വില. 4500 കോടി രൂപയാണ് ഇക്കൊല്ലം ഇതുവരെ എണ്ണക്കമ്പനികള്‍ക്കുണ്ടായ നഷ്ടം. എണ്ണക്കമ്പനികള്‍ക്കാകെ 20,800 കോടി രൂപയാണ് ഇന്ധനവിലയില്‍ നഷ്ടപ്പെടുന്നത്. ഡീസലിന്റെ വില ഇപ്പോഴും നിയന്ത്രിക്കുന്നത് സര്‍ക്കാറാണ്. ഒരുലിറ്റര്‍ ഡീസലിന് മേല്‍ 16.16 രൂപയും മണ്ണെണ്ണയില്‍ 32.59 രൂപയും ഒരു പാചകവാതക സിലിണ്ടറില്‍ 570.50 രൂപയുമാണ് എണ്ണക്കമ്പനികള്‍ക്ക് നഷ്ടം. ഡീസലിന്റെ വില നിയന്ത്രണവും എണ്ണക്കമ്പനികള്‍ക്ക് നല്‍കണമെന്ന നിര്‍ദേശവും സര്‍ക്കാറിന്റെ സജീവപരിഗണനയിലാണ്.

No comments:

Post a Comment