നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Friday, May 25, 2012

പോലീസ് മൂന്നാം മുറ പ്രയോഗിക്കുന്നുവെന്ന് സി.പി.എം

കോഴിക്കോട്: ടി.പി വധക്കേസില്‍ കസ്റ്റഡിയിലുള്ളവരെ പോലീസ് പീഡിപ്പിക്കുകയാണെന്ന് സി.പി.ഐ.എം ആരോപിച്ചു. രഹസ്യകേന്ദ്രത്തില്‍ ചോദ്യംചെയ്യലിന്റെ ഭാഗമായി പ്രതിചേര്‍ത്തിരിക്കുന്നവര്‍ക്കെതിരെ മൂന്നാം മുറ പ്രയോഗിക്കുകയാണെന്ന് സി.പി.എം നേതാവ് എളമരം കരീം ആരോപിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

സി.എച്ച്.അശോകനേയും കൃഷ്ണനേയും ശാരീരികവും മാനസികവുമായി സമ്മര്‍ദത്തിലാക്കി മൊഴിയെടുക്കുകയാണ്. കസ്റ്റഡിയിലുള്ളവരെ ദിവസങ്ങളോളം ഉറങ്ങാന്‍ സമ്മതിക്കുന്നില്ല. ഭക്ഷണം പോലും അവര്‍ക്ക് നല്‍കുന്നില്ല. അടിയന്തരാവസ്ഥക്കാലത്തെ കക്കയം ക്യാമ്പിനെ ഓര്‍മ്മിപ്പിക്കുന്ന രംഗങ്ങളാണ് രഹസ്യകേന്ദ്രത്തില്‍ നടക്കുന്നത്. തീര്‍ത്തും മനുഷ്യത്വരഹിതമായ പീഢനങ്ങളാണ് നടക്കുന്നത്. സി.എച്ച്. അശോകന്റെ മോഴിയായി പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമാണ്. പാര്‍ട്ടിയെ കരിവാരിത്തേക്കാനാണ് സി.എച്ച് അശോകനെ പ്രതി ചേര്‍ത്തിരിക്കുന്നത്. അസുഖബാധിതനാണ് അശോകന്‍. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകുമോ എന്ന ആശങ്കയുണ്ടെന്നും കരീം. കസ്റ്റഡിയിലുള്ളവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി ആലോചിക്കും. പാര്‍ട്ടി കേന്ദ്രം ആരെയും വധിക്കാന്‍ ഗൂഢാലോചന നടത്തുന്ന സ്ഥലമല്ല. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഒരു സംഘം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ഒരു പ്രമുഖ പത്രമാണ് ഇതിന് പിന്നില്‍. അന്വേഷണ സംഘത്തിലെ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയായ സന്തോഷ്‌കുമാറാണ് ഈ മാധ്യമം വഴി കേസ് സംബന്ധിച്ച കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും കരീം ആരോപിച്ചു. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശനിയാഴ്ച റൂറല്‍ എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സി.എച്ച്.അശോകനെ വടകരയിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയതായി ഏറ്റവും ഒടുവില്‍ വിവരം ലഭിച്ചതായി വാര്‍ത്താ സമ്മേളനം അവസാനിക്കാറായപ്പോള്‍ കരീം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment