നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Friday, May 18, 2012

നടപ്പായത് പാര്‍ട്ടി നേതൃതത്തിന്തേ തീരുമാനം എന്ന് മൊയി

കോഴിക്കോട്: റവലൂഷണറി മാര്‍ക്‌സിസ്റ്റ്പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ ഗുണ്ടാസംഘത്തിന് ക്വട്ടേഷന്‍ കൊടുത്തല്ല വധിച്ചതെന്ന് വ്യക്തമാവുന്നു. സി.പി.എമ്മിന്റെ രാഷ്ട്രീയതീരുമാനം കൊടി സുനിയും സംഘവും ചേര്‍ന്ന് നടപ്പാക്കുകയാണുണ്ടായതെന്നാണ് പിടിയിലായവര്‍ പോലീസിന് നല്‍കിയ മൊഴി.

ക്വട്ടേഷന്‍ തുകയായല്ല, ഒളിവില്‍ താമസിക്കാനും മറ്റുമുള്ള ചെലവിന് മാത്രമാണ് ഇവര്‍ പാര്‍ട്ടിയില്‍ നിന്ന് പണം വാങ്ങിയത്. പാര്‍ട്ടിക്കുവേണ്ടി നടത്തുന്ന കൊലപാതകങ്ങള്‍ക്ക് ഒരിക്കലും ഇവര്‍ തുക നിശ്ചയിക്കാറില്ല. ഇതുവരെ 1,11,500 രൂപയാണ് ആസൂത്രകര്‍ സംഘാംഗങ്ങള്‍ക്ക് നല്‍കിയത്. ഇതില്‍ 50,000 രൂപ കൃത്യം നടത്തിയതിന്റെ പിറ്റേദിവസം പാനൂരിനടുത്ത പാറാട്ട് വെച്ച് കൊടി സുനിയുടെ കൂട്ടാളിയായ എം.എസ്. അനൂപിനാണ് കൈമാറിയതെന്നും പോലീസിന് വിവരം ലഭിച്ചു.

ഗൂഢാലോചന നടത്തിയതിന് പിടിയിലായ കെ.സി. രാമചന്ദ്രന്‍ ആദ്യം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടിലെത്തി ചന്ദ്രശേഖരനെ വധിക്കാനുള്ള പദ്ധതി അവതരിപ്പിച്ചപ്പോള്‍ പാര്‍ട്ടി തീരുമാനം ഉണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. രാമചന്ദ്രന്റെ വാക്കില്‍ വിശ്വാസം തോന്നാത്തതിനാല്‍ മറ്റാരെയോ വിളിച്ചാണ് അദ്ദേഹം ഇക്കാര്യം ഉറപ്പാക്കിയത്. തുടര്‍ന്നാണ് കൊടിസുനിയെ പോയിക്കാണാന്‍ നിര്‍ദേശിച്ചത്. രാമചന്ദ്രന്‍ കാണാന്‍ ചെന്നപ്പോള്‍ പാര്‍ട്ടി തീരുമാനമുണ്ടോ എന്ന് കൊടിസുനിയും ചോദിച്ചു. അതെ എന്ന് മറുപടി നല്‍കിയതുകൊണ്ടാണ് ഈ പദ്ധതി ഏറ്റെടുത്തതെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇതിനിടെ, വെള്ളിയാഴ്ച ഒരു ലോക്കല്‍ കമ്മിറ്റി അംഗം കൂടി പോലീസ് കസ്റ്റഡിയിലായി. സി.പി.എം. പാനൂര്‍ കുന്നോത്ത്പറമ്പ് ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പറമ്പത്ത്‌വീട്ടില്‍ ജ്യോതിബാബു (49)വിനെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എമ്മിന്റെ തൂവക്കുന്ന് കെളവല്ലൂര്‍ വടക്കയില്‍ മനോജ് എന്ന ട്രൗസര്‍ മനോജന്‍ (47), പാട്യം മുതിയങ്ങയിലെ കിഴക്കയില്‍ ഷനോജ് എന്ന കേളന്‍ (32) എന്നിവരെ ചോദ്യം ചെയ്യുന്നതിനായി കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികള്‍ക്ക് വ്യാജരേഖ ഉപയോഗിച്ച് മൊബൈല്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചുനല്‍കിയ അഴിയൂര്‍ പുത്തൈത്തയ്യില്‍ എം.പി. ജാബിറി (35) നെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ രണ്ട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളുള്‍പ്പെടെ 11 പേര്‍ അറസ്റ്റിലായി.

സി.പി.എമ്മിന്റെ കടുങ്ങോന്‍പൊയില്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയായ മനോജിനെ 14 ദിവസത്തേക്കും ഷനോജിനെ നാലു ദിവസത്തേക്കുമാണ് കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് രാജീവ് ജയരാജ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇത്രയും ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. ഉദയ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാബിറി (35) നെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡുചെയ്തു. കേസില്‍ നേരത്തേ അറസ്റ്റിലായ ദില്‍ഷാദിനാണ് ഇയാള്‍ വ്യാജരേഖ ഉപയോഗിച്ച് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയത്.

കൊലപാതകം, അന്യായമായ സംഘംചേരല്‍, ആയുധങ്ങള്‍ കൈവശംവെക്കല്‍, ലഹള, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കുറ്റകൃത്യം മറച്ചുവെക്കല്‍, കുറ്റവാളികളെ സഹായിക്കല്‍ എന്നീ വകുപ്പുകളും സ്‌ഫോടകവസ്തുനിയമത്തിലെ മൂന്ന്, അഞ്ച് വകുപ്പുകളും പ്രകാരമാണ് മനോജിനും ഷനോജിനുമെതിരെ കേസെടുത്തത്.

വ്യാഴാഴ്ച വൈകിട്ട് അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത സി.പി.എം. കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസ് സെക്രട്ടറി സി. ബാബുവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. പ്രവര്‍ത്തകര്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അതോടൊപ്പം സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ വെള്ളിയാഴ്ച രാവിലെയും വൈകിട്ടുമായി രണ്ടു ഘട്ടങ്ങളിലായി വടകര ഡിവൈ.എസ്.പി. ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. രാത്രി ഏഴോടെ ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.

No comments:

Post a Comment