നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Tuesday, May 22, 2012

പ്രതികളില്‍ ചിലര്‍ കേരളംവിട്ടെന്ന് സൂചന; പിടികൂടാന്‍ കര്‍ണാടക ഇന്റലിജന്‍സും

കോഴിക്കോട്: ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രധാന പ്രതികളെ പിടികൂടാന്‍ കര്‍ണാടക രഹസ്യാന്വേഷണവിഭാഗവും രംഗത്ത്. പ്രതികളില്‍ ചിലര്‍ കര്‍ണാടത്തില്‍ ഒളിവില്‍ കഴിയുന്നുവെന്ന് കേരള ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. മലയാളി കൂടിയായ കര്‍ണാടക ഡി.ജി.പി എ.ആര്‍.ഇന്‍ഫെന്റുമായി സംസ്ഥാന ഇന്റലിജന്‍സ് മേധാവി സെന്‍കുമാറും ക്രൈംബ്രാഞ്ച് മേധാവി വിന്‍സെന്റ് എം. പോളും ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. സെന്‍ കുമാര്‍ തിങ്കളാഴ്ച കണ്ണൂരിലെത്തി അന്വേഷണ സംഘവുമായി ചര്‍ച്ച നടത്തിയിരുന്നു.

കൃത്യം നിര്‍വഹിച്ച ശേഷം സംഘത്തിലെ ചിലര്‍ വയനാട് വഴി കര്‍ണാടകത്തിലേക്ക് കടന്നുവെന്നാണ് സൂചന. എന്നാല്‍, ഈ കൂട്ടത്തില്‍ ടി.കെ. എന്നറിയപ്പെടുന്ന പാട്യം കൊട്ടയോടി സ്വദേശി ടി.കെ.രജീഷ് ഇല്ലെന്ന് വ്യക്തമായിട്ടുണ്ട്. രജീഷ് കൊല നടന്നതിന്റെ മൂന്നാം ദിവസം തന്നെ മറ്റെവിടേക്കോ കടന്നെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം.

കര്‍ണാടത്തില്‍ ഒളിവില്‍ കഴിയുന്ന സ്ഥലത്തെപ്പറ്റി ചിലസൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരെ കര്‍ണാടക പോലീസിന്റെ സഹായത്തോടെ പിടികൂടാനാണ് ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ചില്‍ നേരത്തേ കുറ്റന്വേഷണങ്ങളില്‍ മികവ് തെളിയിച്ചവരെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് ഉണ്ടാക്കി ക്രൈം എ.ഡി.ജി.പി. തന്നെയാണ് ഈ സ്ഥലങ്ങളിലേക്ക് അയയ്ക്കുന്നത്.

കൃത്യം നടത്തിയ സംഘത്തിലെ മുഖ്യസൂത്രധാരനെന്ന് കരുതുന്ന ടി.കെ എന്ന ടി.കെ.രജീഷ് അടുത്ത കാലത്തായി ഉത്തര കേരളത്തില്‍ നികുതിവെട്ടിച്ചുള്ള കോഴിക്കച്ചവടത്തിലെ പ്രധാനിയാണെന്ന് പോലീസ് കണ്ടെത്തി. മാഹിയില്‍ ബിനാമി പേരുകളില്‍ കോഴിക്കടകള്‍ നടത്തി അവിടേക്ക് വില്‍പ്പനയ്‌ക്കെന്ന പേരില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് കോഴികളെ ഇറക്കുമതി ചെയ്യുന്നത്. ഇവയെ പള്ളൂര്‍ വഴി കേരളത്തിലെത്തിച്ചാണ് നികുതിവെട്ടിപ്പ് നടത്തുന്നത്. ഈ സമയത്ത് ടി.കെ. ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണാണ് ഇപ്പോള്‍ പരിശോധിക്കുന്നത്.

അതേസമയം, കേസിലെ നാലാം പ്രതി വടകര അഴിയൂര്‍ കോട്ടമലക്കുന്ന് കുന്നുമ്മല്‍ ദിപിന്റെ തലമുടി ഫോറന്‍സിക്ക് പരിശോധനയ്ക്ക് അയയ്ക്കുന്നതിനായി മുറിക്കാന്‍ കോടതി അന്വേഷണസംഘത്തിന് അനുമതി നല്‍കി. അക്രമികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാറില്‍ നിന്ന് കണ്ടെടുത്ത തലമുടിയുമായി ഒത്തുനോക്കുന്നതിനാണ് പരിശോധന നടക്കുന്നത്. ഇതിലൂടെ, ദിപിന്‍ ഈ കാറില്‍ സഞ്ചരിച്ചുവെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.

അതിനിടെ റിമാന്‍ഡില്‍ കഴിയുന്ന ദിപിന്‍, ജാബിര്‍ എന്നിവരെ ജാമ്യത്തിലിറക്കുന്നതിനുള്ള ഹര്‍ജി വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. കേസന്വേഷണത്തിനിടെ ചൊവ്വാഴ്ച ഒരു കാര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. നിലവില്‍ കസ്റ്റഡിയില്‍ ഉള്ള പള്ളൂര്‍ സ്വദേശി അബി, കൊറ്റക്കാലില്‍ സുമേഷ് തുടങ്ങിയവരെ ഇപ്പോഴും ചോദ്യം ചെയ്തുവരികയാണ്.

No comments:

Post a Comment