നമ്മുടെ മാധ്യമങ്ങള്‍ വാര്‍ത്തകളെ എങ്ങിനെ കാണുന്നു, ഓരോരുത്തരുടെയും കാഴ്ചപ്പാടുകള്‍ അവരവരുടെ വരികളില്‍ ..... പ്രാദേശികം ...

Monday, May 21, 2012

ടി.പി.വധം: മുഖ്യപ്രതികളെ ഉടന്‍ പിടികൂടുമെന്ന് ആഭ്യന്തരമന്ത്രി

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ഡി.ജി.പിയുടെ നടപടികള്‍ക്ക് പൂര്‍ണ്ണപിന്തുണയെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസില്‍ ഡി.ജി.പിയുടെ വാക്കുകള്‍ വളച്ചൊടിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പറഞ്ഞ മന്ത്രി യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടുമെന്നും പറഞ്ഞു.

കയ്യില്‍ ഒരു പേനാക്കത്തി പോലുമില്ലാത്ത ഒരാളെ 52 വെട്ടാണ് വെട്ടിയത്. ഇത്തരം കേസുകളില്‍ പാര്‍ട്ടി ഓഫീസില്‍ നിന്ന് ലിസ്റ്റ് തരുന്നത് വെച്ച് പ്രതികളെ പിടിക്കുന്ന പരിപാടി ഈ കേസില്‍ നടക്കില്ല. പ്രതികളെ പിടിച്ചുതരാന്‍ പറ്റുന്ന നാട്ടുകാര്‍ക്ക് പാരിതോഷികം നല്‍കും. യഥാര്‍ത്ഥ പ്രതികളെ പിടിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്.

ഏതെങ്കിലും രാഷ്ട്രീയകക്ഷി തങ്ങളുടെ ലക്ഷ്യം കൊലപാതകമാണ് എന്ന് പറയാറില്ല. എന്നാല്‍ കൊല നടത്തുന്നത് അതേ പാര്‍ട്ടികളിലെ ഏതെങ്കിലും ചിലരുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന പരിപാടി ഇനി അനുവദിക്കില്ല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പോലീസിന് ആവശ്യമായ സമയം നല്‍കും.

രാഷ്ട്രീയാടിസ്ഥാനത്തില്‍ ആരെയും വേട്ടയാടാന്‍ ഉദ്ദേശിക്കുന്നുമില്ല. കേസന്വേഷണം തടസ്സപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുമെന്നും ഒരു കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇത്രയും തെളിവുകള്‍ പുറത്തുവന്ന കേസ് വേറെയുണ്ടോ എന്നും മന്ത്രി ചോദിച്ചു.

യോഗത്തിന് മുമ്പ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മന്ത്രി സന്ദര്‍ശിച്ചു. രാഷ്ട്രീയത്തടവുകാരുടെ പേരില്‍ വിവാദമായ എട്ടാംബ്ലോക്ക് മന്ത്രി സന്ദര്‍ശിച്ചു. ഇവിടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകള്‍ എടുത്തുമാറ്റുമെന്നും ജയിലില്‍ മൊബൈല്‍ സേവനം നല്‍കുന്ന കമ്പനികള്‍ക്കെതിരെ നടപടി എടുക്കുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

No comments:

Post a Comment